Wednesday, 29 November 2017

പൊൻതരികൾ

വർണ കടലാസ്സുകളിൽ   പൊതിഞ്ഞ എന്റെ ഹൃദയത്തെ
തുലാസിൽ തൂക്കിനോക്കി  പൊൻതൂക്കം പോലും തൂങ്ങിയില്ല
പിന്നെ  നെരിപ്പോടിലിട്ടൂതി 
ചൂടേറ്റു പക്ഷെ  ഉരുകിയില്ല...
അന്നുമിന്നും തീച്ചൂളയെ തണുപ്പിച്ച  ഹൃദയം
ഇത്തിരി  പൊൻ തരിയുമായി
നീ പോയിട്ട് 
ഇന്നേക്കൊരാണ്ടുതികഞ്ഞു... !!

_പ്രശോഭ്_

Thursday, 16 March 2017

മഴപോലെ...


ഇന്ന് പെയ്ത മഴ മഴയായിരുന്നില്ല

ഇറയിലെ ഈർക്കിലിൻ  മുത്തുകൾ കോർതില്ല
മുറ്റത്തെ പുഴയിൽ തോണിയും കണ്ടില്ല 
. പേക്കാച്ചി  തവളകൾ ആർത്തു വിളിച്ചില്ല
വിളക്ക്കെടുത്തുവാൻ പാറ്റയും വന്നില്ല..
....
കൂരനനച്ച-
മണ്ണിനെ കാണാത്ത
മണമേതും ഇല്ലാത്ത
ആരുമറിയാതെ  പോയിമറഞ്ഞ വെള്ളത്തുള്ളികൾ

പ്രശോഭ് കാക്കൂർ

Wednesday, 15 March 2017

മാറ്റം


പ്രണയമേ നിന്നെ തിരഞ്ഞുഞാൻ ...

സ്കൂളിന്റെ മുറ്റത്തും- പടിക്കരികിലും മാവിൻ ചുവട്ടിലും പിന്നെ ഓരോ വാക്കിലും നോക്കിലും ..
പേരിന്റെ ആദ്യാക്ഷരങ്ങൾ വരച്ചൊരാ   നിറ ചോക്കിൻ  ചിത്രങ്ങളിലും...
കണ്ടില്ല...
കാണുവാൻ കൊതിച്ചതെല്ലാം
ഭാവ ഗായകർ പാടിയ  ഗാനതിനീണത്തിൽ മാത്രമായിഴചേർന്നിരിക്കുന്നു...

Saturday, 4 March 2017

കരിങ്കാലി

പകലുറക്കം എത്ര മനോഹരം
കോലംകെട്ടിയാട്ടം പേകൂത്
ഒളിഞ്ഞു ചിരിച്ചു..
ലാഭങ്ങൾ  മാത്രം
പിറകോലൊരു തൊഴി
ഞെട്ടി ചാടി ഉണർന്നു
എല്ലാരും കണ്ടോ ആ  സ്വപ്‌നങ്ങൾ
മനസു മന്ത്രിച്ചു.. കെട്ടി മൂടിക്കൊ വെളിച്ചംകടക്കാതെ...
നല്ലസമയം ആരുമറിഞ്ഞില്ല
ഉലകത്തെ കരിന്തുണിയിൽ പൊതിഞ് കോണകത്തിൽ ബന്ധിച്ചു
ഒട്ടകൾ കരിവാരി പൂശി കഴുതച്ചാണകം മെഴുകി
എല്ലാമൊടുങ്ങി, മണ്ടന്മാർ...
കഞ്ഞിക്ക് കത്തിക്കാൻ എങ്ങാണ്ടൊരുത്തൻ തീപ്പൊരി ഊതി
ആളിപടർന്നു മൂടല് കത്തി
വെള്ളമൊഴിക്കണം തീയണക്കാൻ
കലങ്ങി ഒലിച്ചു കരി 
കൈയിലും മുഖത്തും
ഖദർ ഷർട്ടിലും മുണ്ടിലും. 
വെളിച്ചം പടർന്നു
നേതാവും വാലും തലമറച്ചു
മുറവിളി ആക്രോശം !
കരിയായ കാലും
കണ്ണടയും വെച്ചോടി പിറകിൽ കാലൊച്ച
കരിങ്കാലികളത്രെ ...

പ്രശോഭ് കാക്കൂർ

വാക്കുകൾക്കപ്പുറം


ഒരുപാടു പിന്നിട്ടു വഴികൾ

വീണ്ടുമീ പാടവരമ്പിലൂടിന്നുഞാൻ.
ആനന്ദമില്ല കണ്ണുനീരില്ല ലോല ഭാവമില്ലെല്ലാം  ഉരുകി തണുത്തുറച്ചുപോയ്

മറന്നുപോയകലങ്ങളിൽ
മൂക-തപം ചെയ്ത കൊറ്റിയെ….. കണ്ടിരുന്നോ നീ തുമ്പപ്പൂപോലൊരെൻ കളി കൂട്ടു കാരിയെ,

കൊലുസിന്റെ ചിരിയും ഞങ്ങളും

ഒരുപിടി പൂക്കളും  പണ്ടെത്രനാൾ

ഈ വഴി പോയെന്നറിയുമോ …

ആമ്പൽ പറിക്കുവാൻ പോകുന്ന വഴികളിൽ ചതുപ്പുണ്ട്, പാമ്പുണ്ട്,  നീർ-നായകൾ, കുറുനരി- നീരാളികളെന്നു ഞാൻ

പറഞ്ഞിരുന്നെപ്പോളും

കയ്ക്കുന്ന ചെറു പേരക്ക കാട്ടി നീ  മധുരമാണെന്നു പറഞ്ഞതും

മുത്തശ്ശി നട്ട പയർമണിക്കായ്‌ വന്ന തത്തയേ  നോക്കിയിരുന്നതും

മാനത്തു കണ്ണിയെ കുപ്പിയിലാക്കുവാൻ

പുത്തൻ കുടയെ ചീനവലയാക്കി

പിന്നെയെൻ കാലിൽ പടർന്നൊരു ചൂരലിൻ വേദന കണ്ടു നീ

കളിയാക്കി ചിരിച്ചതും

പടിക്കലെ ചുമരിലെ പായലിലെഴുതിയ  വാക്കുകൾ,ചിത്രങ്ങളത്രയും ഇന്നുമവിടെ മായാതിരിക്കുന്നു

കാറ്റത്തു  വീണൊരു  പനങ്കിളി കുഞ്ഞിന്

തീറ്റ കൊടുത്ത അമ്മക്കിളി ….

എന്തേ പാറി അകന്നു

ചിറകു മുളക്കാത്ത കുഞ്ഞിനും മുൻപേ നീ

അന്നൊരു കർക്കിടകത്തിലിരുൾ വീണ നേരത്തു

പേയിളകിയ പട്ടികൾ, രാക്ഷസ-കോലങ്ങൾ... അലറി കരഞ്ഞിട്ടും കടിച്ചു കുടഞ്ഞു

വെറും മാംസ പിണ്ഡ മായിരുന്നോ നീ…

രോഷാഗ്നിയാളി

താങ്ങുവാനാവാതെ തളർന്നുപോയി

ചാരവുമായൊരു മൺകുടം പുഴയിലാണ്ടുപോയ്

നരകാന്ധകാരത്തിലെ കൂട്ടരേ  നീചരെ

അവളും നിന്റെ

'അമ്മയെ പോലെ യല്ലായിയുന്നുവോ

നിന്റെ മനസ്സിലെ സത്വത്തെ വെട്ടി അരിഞ്ഞു

ഹോമിച്ചു കളയാതെ

ഇല്ല ഈ ഭൂമിയിൽ ഒരിത്തിരി  മണ്ണ് ഞാൻ…

ശരികേ നീയെന്റെ കൂടെപ്പിറപ്പാണ് വറ്റാത്ത സ്നേഹമാണിഷ്ടമാണെന്റെ  കണ്ണുനീർമുത്താണ്

മുൻപേ നടക്കണം പടവാളു കരുതണം

ശബ്ദമുയർത്തണം ധീരമായ് മുന്നോട്ട്…

സ്നേഹത്തിൻ ദീപ്ത സ്മരണയിൽ

ഞാനിവിടെ ഏകനായ്

ഉണർത്തു-പാട്ടുകൾ പാടുന്നു ….


-പ്രശോഭ്  കാക്കൂർ


ഉൾവിളി

ഒന്നിങ്ങു നോക്കൂ മക്കളെ ….
നിന്റമ്മയുടെ വിളികേൾക്ക്‌ ..
ആയിരം കോടി വർഷങ്ങളിവിടെ പുത്രദുഃഖത്താൽ കഴിഞ്ഞിരുന്നു.
നിന്നെ പെറ്റിട്ടനാൾ മുതൽ
പ്രാണ-വായു, ജലമാമൃതും
നൽകിയോമനിച്ചൂട്ടി വളർത്തി
 ആട്ടാതെ തല്ലാതെ നുള്ളിനോവിക്കാതെ
സ്നേഹം കൊണ്ടു പൊതിഞ്ഞു
വികൃതികൾ കാട്ടി നീ..
കണ്ണുരുട്ടി പിന്നെ-ക്ഷമിച്ചു ഞാനെന്നോളമിന്നുവരെ …
നിന്നെ പിടിച്ചൊരാർത്തി ജ്വരം
നിന്റെ ചേഷ്ടകൾ  പ്രാന്തുകൾ…
ഇടിച്ചും തൊഴിച്ചും കുഴിച്ചും തുരന്നും പാതാളഗർത്തങ്ങൾ തോണ്ടിയും
നാളെയുടെ നിധി കുംഭ മത്രയും തരിപോലുമില്ലാതെ കവർന്നു….
അരുതെന്നു പറഞ്ഞിട്ടും നിന്റെ രാസ സംയുക്തങ്ങളധികവും
പൊടിയായി പുകയായ് കൊടും വിഷമായി നിന്റെ മക്കളെ പോലും കൊന്നു തള്ളുന്നു… കൂടെ
അർബുദം ബാധിച്ചോരെൻ  
മാറും- മുടിയും മുറിച്ചു …
കത്തുന്ന വെയിലത്ത് ഓട്ട ക്കുടയുമായ്
വാടി  തളർന്നു ഞാൻ
തൊണ്ടവരളുന്നു കണ്ണുനീരില്ല..  വറ്റി വരണ്ടു  സിരകളും..
ഉപ്പു പരലിൽ കിടാത്തിടത്തെന്നെ നീ കൊണ്ട് പോകൂ….
എന്നെ ദൂരെ എന്റെ കൂടെപ്പിറപ്പിന്റെ പടിക്കലെങ്കിലുമല്ലെങ്കിലാ പേടകത്തിൽ എന്നെയും കൊണ്ട്പോയ് തള്ളൂ കോടി
പ്രകാശ വർഷങ്ങള്ക്കകലെയേതെങ്കിലും
ക്ഷേത്രനടക്കൽ ….
ഇടറിയവാക്കുകൾ
അങ്ങകലെ ഏതോ തമോഗർത്തത്തിലാണ്ടുപോയ്
-പ്രശോഭ്  കാക്കൂർ

കാഴ്ച

പുഴയെ നിറംചേർത്തു പിഴിഞ്ഞ്
പൊട്ടാത്ത കുപ്പിയിലേക്കൊഴുക്കി ...
നിറമില്ലാത്തകുപ്പികൾ 
നിളയുടെ 
മരണവീട്ടിൽ..

-പ്രശോഭ് കാക്കൂർ

Friday, 3 March 2017

കന്നിക്കാരൻ

കൊല്ലപരീക്ഷ, ക്ലാസ്സിൽ പോയില്ല ബെല്ലടിക്കാനിനി നേരം ബാക്കി…

വിരസത മാറ്റാനെന്തുവഴി

ബീച്ചിലോ സിനിമക്കോ പോവാം

സിനിമയും ഫോണും തെണ്ടിനടക്കലും കുട്ടിക്കളിയാടാ…

കൂട്ടത്തിൽ മൂത്തവൻ പതിയെ ചോദിച്ചു സാധനം  വേണോ.. ?

പാക്ക് മുറുക്കിയും ചുണ്ടിൽ തിരുകിയും വേണ്ടാ
കയ്പ്പാകും…   മണമാണ് ഛർദി വരും

അമ്മയറിയാത്ത
കൂടിയതെന്തുണ്ട്… ?

മൂർഖന്റെ പല്ലുണ്ട് ചടയന്റെ  പുകയുണ്ട് പശയുണ്ട് പൊടിയുണ്ട് കുത്തുവാൻ സൂചിയും

പണിയില്ല പണമില്ല
ആധാരം പണയത്തിൽ
വേറെന്തു ചെയ്യും

കണ്ണ് ചുവന്നവൻ ആടിപ്പറഞ്ഞു
കറണ്ടടിക്കാം !!!!

തുണ്ടു വയറു വായിൽ
തിരുകി കടിച്ചു അടിച്ചു ആകെ തരിച്ചു തെറിച്ചു നുരഞ്ഞു പതഞ്ഞു
ഭാരം കുറഞ്ഞു നീല പുകയായി

പിന്നെ അമ്മ തിരക്കാത്ത ആരും കാണാത്ത ഒളിയിടത്തേക്ക് ഒറ്റക്ക് ….. !!

പ്രശോഭ് കാക്കൂർ

https://youtu.be/CXyUcsHbm3I