ഒന്നിങ്ങു നോക്കൂ മക്കളെ ….
നിന്റമ്മയുടെ വിളികേൾക്ക് ..
ആയിരം കോടി വർഷങ്ങളിവിടെ പുത്രദുഃഖത്താൽ കഴിഞ്ഞിരുന്നു.
നിന്നെ പെറ്റിട്ടനാൾ മുതൽ
പ്രാണ-വായു, ജലമാമൃതും
നൽകിയോമനിച്ചൂട്ടി വളർത്തി
ആട്ടാതെ തല്ലാതെ നുള്ളിനോവിക്കാതെ
സ്നേഹം കൊണ്ടു പൊതിഞ്ഞു
വികൃതികൾ കാട്ടി നീ..
കണ്ണുരുട്ടി പിന്നെ-ക്ഷമിച്ചു ഞാനെന്നോളമിന്നുവരെ …
നിന്നെ പിടിച്ചൊരാർത്തി ജ്വരം
നിന്റെ ചേഷ്ടകൾ പ്രാന്തുകൾ…
ഇടിച്ചും തൊഴിച്ചും കുഴിച്ചും തുരന്നും പാതാളഗർത്തങ്ങൾ തോണ്ടിയും
നാളെയുടെ നിധി കുംഭ മത്രയും തരിപോലുമില്ലാതെ കവർന്നു….
അരുതെന്നു പറഞ്ഞിട്ടും നിന്റെ രാസ സംയുക്തങ്ങളധികവും
പൊടിയായി പുകയായ് കൊടും വിഷമായി നിന്റെ മക്കളെ പോലും കൊന്നു തള്ളുന്നു… കൂടെ
അർബുദം ബാധിച്ചോരെൻ
മാറും- മുടിയും മുറിച്ചു …
കത്തുന്ന വെയിലത്ത് ഓട്ട ക്കുടയുമായ്
വാടി തളർന്നു ഞാൻ
തൊണ്ടവരളുന്നു കണ്ണുനീരില്ല.. വറ്റി വരണ്ടു സിരകളും..
ഉപ്പു പരലിൽ കിടാത്തിടത്തെന്നെ നീ കൊണ്ട് പോകൂ….
എന്നെ ദൂരെ എന്റെ കൂടെപ്പിറപ്പിന്റെ പടിക്കലെങ്കിലുമല്ലെങ്കിലാ പേടകത്തിൽ എന്നെയും കൊണ്ട്പോയ് തള്ളൂ കോടി
പ്രകാശ വർഷങ്ങള്ക്കകലെയേതെങ്കിലും
ക്ഷേത്രനടക്കൽ ….
ഇടറിയവാക്കുകൾ
അങ്ങകലെ ഏതോ തമോഗർത്തത്തിലാണ്ടുപോയ്
-പ്രശോഭ് കാക്കൂർ
No comments:
Post a Comment