ഒരുപാടു പിന്നിട്ടു വഴികൾ
വീണ്ടുമീ പാടവരമ്പിലൂടിന്നുഞാൻ.
ആനന്ദമില്ല കണ്ണുനീരില്ല ലോല ഭാവമില്ലെല്ലാം ഉരുകി തണുത്തുറച്ചുപോയ്
മറന്നുപോയകലങ്ങളിൽ
മൂക-തപം ചെയ്ത കൊറ്റിയെ….. കണ്ടിരുന്നോ നീ തുമ്പപ്പൂപോലൊരെൻ കളി കൂട്ടു കാരിയെ,
കൊലുസിന്റെ ചിരിയും ഞങ്ങളും
ഒരുപിടി പൂക്കളും പണ്ടെത്രനാൾ
ഈ വഴി പോയെന്നറിയുമോ …
ആമ്പൽ പറിക്കുവാൻ പോകുന്ന വഴികളിൽ ചതുപ്പുണ്ട്, പാമ്പുണ്ട്, നീർ-നായകൾ, കുറുനരി- നീരാളികളെന്നു ഞാൻ
പറഞ്ഞിരുന്നെപ്പോളും
കയ്ക്കുന്ന ചെറു പേരക്ക കാട്ടി നീ മധുരമാണെന്നു പറഞ്ഞതും
മുത്തശ്ശി നട്ട പയർമണിക്കായ് വന്ന തത്തയേ നോക്കിയിരുന്നതും
മാനത്തു കണ്ണിയെ കുപ്പിയിലാക്കുവാൻ
പുത്തൻ കുടയെ ചീനവലയാക്കി
പിന്നെയെൻ കാലിൽ പടർന്നൊരു ചൂരലിൻ വേദന കണ്ടു നീ
കളിയാക്കി ചിരിച്ചതും
പടിക്കലെ ചുമരിലെ പായലിലെഴുതിയ വാക്കുകൾ,ചിത്രങ്ങളത്രയും ഇന്നുമവിടെ മായാതിരിക്കുന്നു
കാറ്റത്തു വീണൊരു പനങ്കിളി കുഞ്ഞിന്
തീറ്റ കൊടുത്ത അമ്മക്കിളി ….
എന്തേ പാറി അകന്നു
ചിറകു മുളക്കാത്ത കുഞ്ഞിനും മുൻപേ നീ
അന്നൊരു കർക്കിടകത്തിലിരുൾ വീണ നേരത്തു
പേയിളകിയ പട്ടികൾ, രാക്ഷസ-കോലങ്ങൾ... അലറി കരഞ്ഞിട്ടും കടിച്ചു കുടഞ്ഞു
വെറും മാംസ പിണ്ഡ മായിരുന്നോ നീ…
രോഷാഗ്നിയാളി
താങ്ങുവാനാവാതെ തളർന്നുപോയി
ചാരവുമായൊരു മൺകുടം പുഴയിലാണ്ടുപോയ്
നരകാന്ധകാരത്തിലെ കൂട്ടരേ നീചരെ
അവളും നിന്റെ
'അമ്മയെ പോലെ യല്ലായിയുന്നുവോ
നിന്റെ മനസ്സിലെ സത്വത്തെ വെട്ടി അരിഞ്ഞു
ഹോമിച്ചു കളയാതെ
ഇല്ല ഈ ഭൂമിയിൽ ഒരിത്തിരി മണ്ണ് ഞാൻ…
ശരികേ നീയെന്റെ കൂടെപ്പിറപ്പാണ് വറ്റാത്ത സ്നേഹമാണിഷ്ടമാണെന്റെ കണ്ണുനീർമുത്താണ്
മുൻപേ നടക്കണം പടവാളു കരുതണം
ശബ്ദമുയർത്തണം ധീരമായ് മുന്നോട്ട്…
സ്നേഹത്തിൻ ദീപ്ത സ്മരണയിൽ
ഞാനിവിടെ ഏകനായ്
ഉണർത്തു-പാട്ടുകൾ പാടുന്നു ….
-പ്രശോഭ് കാക്കൂർ
No comments:
Post a Comment